തന്റെ കരിയറിന്റെ തുടക്കകാലത്ത് സിനിമയിൽ നിന്നും നേരിടേണ്ടി അവഗണനകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ സൂരി.
ഒരു വലിയ അവസരം കൈവന്നെന്ന് കരുതി ചെന്ന ഷൂട്ടിങ് സെറ്റിൽ നിന്ന് തന്നെ മാറ്റിനിർത്തിയതും സ്വന്തം ഷർട്ട് പോലും ഊരി വാങ്ങി മറ്റൊരു നടന് നൽകേണ്ടി വന്നതുമാണ് സൂരി വെളിപ്പെടുത്തിയത്.
പുതിയ ചിത്രം മണ്ടാടിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു താരം ഇതിനെക്കുറിച്ച് തുറന്നുപറഞ്ഞത്.
‘‘സൂപ്പർതാരത്തോടൊപ്പമുള്ള ആ രംഗം എന്റെ വലിയ ബ്രേക്കാകുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ മോണിറ്ററിൽ ഷോട്ട് കണ്ടതിന് ശേഷം നായകനും സംവിധായകനും തമ്മിൽ സ്വകാര്യമായി എന്തോ സംസാരിച്ചു.
നിമിഷങ്ങൾക്കകം കാര്യങ്ങളെല്ലാം മാറി. പുതിയ നടന് നൽകാനായി എന്റെ ഷർട്ട് അഴിച്ചു നൽകാൻ അവർ പറഞ്ഞു. അത് എന്റെ സ്വന്തം വസ്ത്രമായിരുന്നിട്ടുപോലും അവരത് കോസ്റ്റ്യൂം വാഹനത്തിലേക്ക് വലിച്ചെറിഞ്ഞു.
അരയിൽ ഒരു ടവൽ മാത്രം ചുറ്റി ഞാൻ സെറ്റിൽ വസ്ത്രങ്ങൾക്കായി തിരഞ്ഞുനടന്നു. അപ്പോഴേക്കും മറ്റൊരാളെ വച്ച് അവർ ആ രംഗം പൂർത്തിയാക്കി കഴിഞ്ഞിരുന്നു.’’ സൂരി പറഞ്ഞു.
അവസരങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടതിന്റെ വേദനയും അപമാനവും അന്ന് ഏറെ തളർത്തിയെങ്കിലും ആ സംഭവം പിന്നീട് തന്റെ കരിയറിലെ നിർണായക വഴിത്തിരിവായി മാറുകയായിരുന്നു എന്ന് സൂരി വ്യക്തമാക്കുന്നു.
ആർക്കെങ്കിലും നൽകുന്ന സഹായമോ ബന്ധങ്ങളോ ആശ്രയിച്ചല്ല, സ്വന്തം കഴിവിന്റെ അടിസ്ഥാനത്തിൽ തന്നെ സിനിമയിൽ നിലയുറപ്പിക്കണമെന്ന വാശി ആ തിരിച്ചടിയിലൂടെയാണ് മനസിൽ ഉറച്ചത്.
തുടക്കത്തിലെ ആ അപമാനം തന്നെയാണ് പിന്നീട് തന്നെ മുന്നോട്ട് നയിച്ച വലിയ പ്രചോദനം. സൂരിയുടെ ഈ തുറന്നുപറച്ചിലിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താരത്തിന് വലിയ പിന്തുണയാണ് ആരാധകർ നൽകുന്നത്.